ഡൽഹി: ആത്മീയ നേതാവ്, സദ്ഗുരു എന്നൊക്കെയാണ് ഭക്തർ വിളിക്കുന്നതെങ്കിലും ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനിൽ പോയ പലരും പിന്നെ തിരിച്ചു വന്നിട്ടില്ലെന്ന് തമിഴ്നാട് പോലീസിൻ്റെ റിപ്പോർട്ട്. ഇഷ ഫൗണ്ടേഷനെതിരേ തമിഴ്‌നാട് പോലീസ് സുപ്രീം കോടതിയിൽ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിലാണ് ആശ്രമത്തിലേക്ക് പോയ പലരെയും കാണാതായതായ ഗുരുതര പരാമർശമുള്ളത്. പലരെയും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും ഇഷ ഫൗണ്ടേഷൻ ക്യാമ്പസ് പരിസരത്ത് ശ്മശാനമുണ്ടെന്നും പോലീസ് സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. ഇഷ ഫൗണ്ടേഷനിലെ ആശുപത്രി അന്തേവാസികൾക്ക് കാലാവധി കഴിഞ്ഞ മരുന്നുകൾ നൽകുന്നുണ്ടെന്നും സത്യവാങ്‌മൂലത്തിൽ പറയുന്നു.
ജഗ്ഗി വാസുദേവ് സ്ഥാപിച്ച ഇഷ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളുടെ റിപ്പോർട്ട് കോയമ്പത്തൂർ പോലീസ് സുപ്രീം കോടതിയിൽ ഫയൽ ചെയ്തിട്ടുണ്ട്. ഇഷ ഫൗണ്ടേഷനിൽ വിവിധ കോഴ്സുകൾക്കായി എത്തി പിന്നീട് കാണാതായവരെ സംബന്ധിച്ച പരാതികളും 23 പേജുകളടങ്ങുന്ന റിപ്പോർട്ടിലെ വിശദാംശങ്ങളിലുണ്ട്.
കോയമ്പത്തൂർ ജില്ലയിലെ പോലീസ് സൂപ്രണ്ട് കെ. കാർത്തികേയൻ സമർപ്പിച്ച റിപ്പോർട്ടിൽ, 15 വർഷത്തിനിടെ ആലന്തുരൈ പോലീസ് സ്റ്റേഷനിൽ ഇഷ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട് ആറു പേരെ കാണാതായതായ കേസുകൾ രജിസ്റ്റർ ചെയ്തതായി പറയുന്നു. ഇതിൽ അഞ്ചു കേസുകൾ തുടർ നടപടി ഒഴിവാക്കി അവസാനിപ്പിച്ചു. ശേഷിച്ച കേസിൽ ഇപ്പോഴും അന്വേഷണം നടക്കുന്നുണ്ട്. കൂടാതെ ക്രിമിനൽ നടപടിച്ചട്ടത്തിലെ സെക്ഷൻ 174 പ്രകാരം ഏഴ് കേസുകളും രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.
മാത്രമല്ല ഫൗണ്ടേഷൻ നിർമിക്കുന്ന ശ്മശാനം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് അയൽവാസി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചതായും പൊലീസ് പറയുന്നു.
ഇഷ ഫൗണ്ടേഷനിൽ ജോലി ചെയ്യുന്ന ഒരു ഡോക്ടർക്കെതിരേ ഒരു പ്രാദേശിക സ്കൂൾ പ്രിൻസിപ്പൽ രജിസ്റ്റർ ചെയ്‌ത പോക്സോ കേസിന്റെ വിശദാംശങ്ങളും പോലീസിന്റെ റിപ്പോർട്ടിലുണ്ട്. ഈ കേസിൽ ഡോക്ടറെ അറസ്റ്റ് ചെയ്തിരുന്നു. ഡൽഹിയിലെ സാകേത് പോലീസ് സ്റ്റേഷനിൽ ഒരു യുവതി നൽകിയ ലൈംഗികാതിക്രമ പരാതിയെ കുറിച്ചും പോലീസ് റിപ്പോർട്ടിൽ പരാമർശമുണ്ട്. 2021-ൽ ഇഷ യോഗ സെൻ്ററിൽ യോഗ കോഴ്സിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു സംഭവം. ഇത്തരത്തിൽ യോഗ കോഴ്‌സിനെത്തിയ ഒരാളിൽ നിന്നാണ് ലൈംഗികാതിക്രമമുണ്ടായത്. യുവതി പിന്നീട് പരാതി പിൻവലിച്ചെങ്കിലും, യുവതിയുടെ മൊഴി രേഖപ്പെടുത്താത്തതിനാലും പ്രതിയെ അറസ്റ്റ് ചെയ്യുകയോ ചോദ്യം ചെയ്യുകയോ ചെയ്യാത്തതിനാലും ഈ കേസിൽ
തുടരന്വേഷണത്തിന് അനുമതി തേടുമെന്നും പോലീസ് അറിയിച്ചു.
Many people who went to Jaggi's foundation were never seen again...!!???